റെയില്‍വേ സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ആര്‍.എസ്.എസിന്‍റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നെന്ന് മുഖ്യമന്ത്രി
എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത്
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍.എസ്.എസിന്‍റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍.എസ്.എസിന്‍റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത്. ദേശഭക്തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയില്‍വേ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനെതിരേ നിരവധി കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പരിപാടികളെ ആര്‍എസ്എസ് വത്കരിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വന്ദേഭാരത് ഉദ്ഘാടന പരിപാടിയില്‍ വിദ്യാര്‍ഥികളേക്കൊണ്ട് ഗണഗീതം പാടിച്ചത്. ഉദ്ഘാടന യാത്രയില്‍ കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു. ഇതില്‍പ്പെട്ട കുട്ടികളാണ് ഗണഗീതം പാടിയതെന്നാണ് സൂചന. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദക്ഷിണ റെയില്‍വേ ഈ ദൃശ്യം പുറത്തുവിട്ടത്.
What's Your Reaction?