ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശക്തമായ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം (LoC) നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്ടറിൽ ശനിയാഴ്ചയാണ് ഈ സംഭവം നടന്നത്. നുഴഞ്ഞുകയറ്റ സാധ്യത സംബന്ധിച്ച് വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷൻ നടത്തിയത്.
സൈന്യത്തിൻ്റെ വൈറ്റ് ചിനാർ കോർപ്‌സ് എക്‌സിലൂടെ അറിയിച്ചതനുസരിച്ച്, പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് 'ഓപ്പറേഷൻ പിംപിൾ' ആരംഭിക്കുകയായിരുന്നു. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ശക്തമായ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനുമുമ്പ് ബുധനാഴ്ച കിഷ്ത്വാർ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. 'ഓപ്പറേഷൻ ഛത്രു' എന്ന പേരിലാണ് ആ നടപടി ആരംഭിച്ചത്.
What's Your Reaction?

