ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യ. പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ് ഉണ്ടായേക്കാമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ അനുമതി നേടും.
നിലവിൽ അനുവദിച്ചിരുന്ന തുകയ്ക്ക് പുറമെ അധികമായി 50,000 കോടി രൂപ കൂടി അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പുത്തൻ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനും പണം ചെലവഴിക്കും. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.53 % വർധനവായിരുന്നു ഇത്.
2014 -15 കാലയളവിൽ 2.29 ലക്ഷം കോടി രൂപയാണ് പ്രതിരോധ വകുപ്പിന് വേണ്ടി വകയിരുത്തിയത്. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025/26 ബജറ്റിൽ സായുധ സേനയ്ക്കായി റെക്കോർഡ് തുകയായ 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു.