തിരുവനന്തപുരം: ആരോപണങ്ങൾ ശക്തമാകുമ്പോൾ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി കെ പി സി സി. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു.
രാഹുൽ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്നും ഇതേ ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി. രാഹുൽ രാജിവെക്കണമെന്ന നിലപാട് കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല അറിയിച്ചു. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. എ ഐ സി സി നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ചില എം പിമാരും രാജി അനിവാര്യമാണെന്ന് നേതൃത്വത്തെ ധരിപ്പിച്ചു.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്. രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.