വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നു; സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ
ഇന്നലെ രാത്രി പത്തുമണിയോടെ വിഴിഞ്ഞം മുക്കോലയിലെ ബാറിലുണ്ടായ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. വിഴിഞ്ഞം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ രാത്രി പത്തുമണിയോടെ വിഴിഞ്ഞം മുക്കോലയിലെ ബാറിലുണ്ടായ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്. ബാറിൽ വെച്ച് ഷാൻ എന്ന യുവാവുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് തടയാൻ ശ്രമിച്ച സുമനെതിരെ സംഘം തിരിയുകയായിരുന്നു. ബാറിൽ നിന്ന് പുറത്തേക്കോടിയ സുമനെ പിന്തുടർന്നെത്തിയ സംഘം റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു.
സുമനെ അതിക്രൂരമായി മർദ്ദിക്കുന്നതും, ബോധരഹിതനായി വീണ ശേഷവും അക്രമം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ അക്രമം തടയാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ കൂടാതെ മറ്റു രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. റോഡിലൂടെ വന്ന യാത്രക്കാരാണ് സുമനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
What's Your Reaction?