'നടക്കുന്നത് വെറും ഡ്രാമ, ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യം, മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല': സുരേഷ് ഗോപി
വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.

ന്യൂഡൽഹി: എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്...’’ – സുരേഷ് ഗോപി പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ബിജെപി സൈബർ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
What's Your Reaction?






