വൈകിയിരുന്നെങ്കിൽ ശ്രേയസ് അയ്യരുടെ ജീവൻ അപകടത്തിലാകുമായിരുന്നു, ആരോഗ്യനില തൃപ്തികരം
പ്ലീഹയിലേറ്റ മുറിവാണ് രക്തസ്രാവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാച്ചെടുക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ് വേദനയോടെ ഗ്രൗണ്ടിൽ നിന്ന് പിൻവാങ്ങിയ താരത്തെ, തുടർ പരിശോധനകൾക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. സ്‌കാനിങ്ങിൽ പ്ലീഹയ്ക്ക് (Spleen) പരിക്കേറ്റതായും വ്യക്തമായി. പ്ലീഹയിലേറ്റ മുറിവാണ് രക്തസ്രാവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതിന് പിന്നാലെ അയ്യർ ബോധരഹിതനായി എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താരത്തിൻ്റെ രക്തസമ്മർദ്ദം (Blood Pressure) അപകടകരമാംവിധം താഴ്ന്നിരുന്നുവെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരിക രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയാൻ ശ്രേയസിന് ഏഴു ദിവസം വരെ ആശുപത്രിയിൽ തുടരേണ്ടിവരും.
ഡ്രസ്സിങ് റൂമിലെത്തിയ അയ്യരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബിസിസിഐ മെഡിക്കൽ സംഘം അടിയന്തരമായി ഇടപെടുകയായിരുന്നു. ടീം ഡോക്ടറും ഫിസിയോയും കാലതാമസം കൂടാതെ താരത്തെ ആശുപത്രിയിലെത്തിച്ചു. വൈകിയിരുന്നെങ്കിൽ താരത്തിൻ്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അയ്യരെ കഴിഞ്ഞ ദിവസം അവിടുന്ന് മാറ്റിയിരുന്നു. പ്ലീഹയ്ക്ക് പരിക്കേറ്റ ശ്രേയസിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തു. താരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബിസിസിഐ ടീം ഡോക്ടറായ ഡോ. റിസ്വാൻ ഖാനെ നിയോഗിച്ചിട്ടുണ്ട്. താരം സുഖംപ്രാപിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
What's Your Reaction?

