പി.എം. ശ്രീ പദ്ധതി: നാളത്തെ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ. പങ്കെടുക്കില്ല
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ സി.പി.ഐ. നേതാവ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സി.പി.ഐ. കടുത്ത നിലപാട് സ്വീകരിച്ചു. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ. മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. ഓൺലൈനായാണ് യോഗം ചേർന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ സി.പി.ഐ. നേതാവ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. "ലാൽസലാം" എന്ന് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പ്രശ്നപരിഹാരത്തിനായി സി.പി.എം. നേതാവ് എം.എ. ബേബി ഇടപെട്ടിരുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചെങ്കിലും, നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കും വിഷയം പഠിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കാമെന്നതുമുൾപ്പെടെ മുഖ്യമന്ത്രി നേരത്തെ അറിയിച്ച കാര്യങ്ങളാണ് എം.എ. ബേബിയും ആവർത്തിച്ചത്. ഈ ചർച്ചകളുടെ വിശദാംശങ്ങൾ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. എങ്കിലും, സമവായ ചർച്ചകളും ശ്രമങ്ങളും തുടരാനാണ് നിലവിൽ തീരുമാനം.
What's Your Reaction?

