വി.ഡി. സതീശൻ-തുഷാർ കൂടിക്കാഴ്ച; വിമർശനവുമായി വി.ആർ. അനൂപ്
ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ആർ. അനൂപ് രംഗത്ത്. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളി ആയാലും അവരെ ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തിലുള്ള ആരുടെയും ഭാഗത്തുനിന്ന് അംഗീകരിക്കാനാകില്ലെന്ന് അനൂപ് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിയെ സമുദായ നേതാവായി കാണാൻ കഴിയില്ലെന്നും അദ്ദേഹം സാമ്പത്തിക കുറ്റവാളിയാണെന്നും അനൂപ് ആരോപിച്ചു. അത്തരക്കാരെ ചേർത്തുനിർത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഡിഎയുടെ ഘടകകക്ഷി നേതാവ് കൂടിയായ തുഷാറുമായി കൂടിക്കാഴ്ച നടത്തിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അനൂപ് പറഞ്ഞു.
പത്ത് വർഷമായി സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാട് അധികാരത്തിലെത്തിയപ്പോൾ മാറ്റുന്നത് ശരിയല്ല. വെള്ളാപ്പള്ളി കുടുംബത്തിന്റെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ തങ്ങളെപ്പോലുള്ളവർ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരമെന്നും ബന്ധപ്പെട്ടവർ അത് ഓർക്കണമെന്നും അനൂപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വി.ഡി. സതീശന്റെ ജന്മദിനമായ ഞായറാഴ്ചയാണ് തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തെ സന്ദർശിച്ചത്. സൗഹൃദത്തിന്റെ ഭാഗമായുള്ള വ്യക്തിപരമായ സന്ദർശനം മാത്രമാണിതെന്നും രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും തുഷാർ പിന്നീട് പ്രതികരിച്ചിരുന്നു.
What's Your Reaction?



