നാളികേരം, കണിവെള്ളരിക്ക, കൊന്നപ്പൂ : വിഷുക്കണി ഒരുക്കുമ്പോൾ ഓട്ടുരുളിയിൽ നിറയ്‌ക്കേണ്ട വിഭവങ്ങൾ ഒന്ന് നോക്കിയാലോ?
വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്

കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. വിഷു ദിനത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണികാണൽ ചടങ്ങ്.
വിഷുക്കണിയായി നാം ഒരുക്കുന്നത് പ്രകൃതിയെ തന്നെയാണ്. എങ്ങനെയാണ് കണി ഒരുക്കേണ്ടത് എന്നറിയാം… പ്രപഞ്ചത്തിന്റെ പ്രതീകമായി കരുതി ഓട്ടുരുളിയാണ് കണി ഒരുക്കുന്നതിനായി എടുക്കുന്നത്. ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം. സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, സ്വർണം, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിലെ പച്ചക്കറികളും ഫലങ്ങളും നിറയ്ക്കും. ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും കണ്ണാടിയും. വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി.
വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്. പുതു വർഷം മുഴുവൻ ഈ സമ്പൽ സമൃദ്ധി നിറയുമെന്നാണ് വിശ്വാസം.
What's Your Reaction?






