ആർത്തവ വേദന കുറയ്ക്കാൻ വേദനസംഹാരികൾക്ക് പകരം പാലക് ചീര
ആർത്തവ വേദന അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഭക്ഷണമാണ് പാലക് ചീര
ആർത്തവ വേദന കുറയ്ക്കാൻ പലരും വേദനസംഹാരികളെ ആശ്രയിക്കാറുണ്ട്. എന്നാൽ, ആർത്തവ സമയത്തെ വേദന ലഘൂകരിക്കുന്നതിൽ ശരിയായ ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണ്. ഇരുമ്പിൻ്റെ അംശം, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഈ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.
ആർത്തവ വേദന അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഭക്ഷണമാണ് പാലക് ചീര. ആർത്തവ സമയത്ത് ശരീരത്തിൽ ഇരുമ്പിൻ്റെ അംശം കുറയാൻ സാധ്യതയുണ്ട്. പാലക് ചീരയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഇരുമ്പിൻ്റെ സാന്നിധ്യം ക്ഷീണവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.
ചീരയിലെ മഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് 'ഫുഡ്‌സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പേശികളുടെ സങ്കോചത്തിനും വേദനയ്ക്കും കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങളുടെ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് വേദന കുറയുന്നതെന്ന് പഠനം വിശദീകരിക്കുന്നു.
പാലക് ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയതിനാൽ ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ പാലക് ചീര കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഇതിൻ്റെ ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്കും ഇത് സുരക്ഷിതമായി കഴിക്കാം.
What's Your Reaction?

