ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ? ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം
മധ്യവയസ്കര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കൂടുതല്‍

ഇടയ്ക്കിടെ ദേഷ്യം, സ്‌ട്രെസ്സ്, അസ്വസ്ഥത എന്നിവ ഉണ്ടാകാറുണ്ടോ എങ്കില്‍ ഇതൊക്കെ ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാകാം. ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്‌ട്രെസ്സ് ഹോര്‍മോണുകളെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. ഇതുമൂലം രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും. എന്നാല്‍, ഇത് ശീലമാകുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് ക്ഷതങ്ങള്‍ക്ക് സാധ്യതയുണ്ട്.
മധ്യവയസ്കര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജോലി സമ്മര്‍ദ്ദം, വീട്ടിലെ ചുമതലകള്‍, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പരിശോധിക്കാതിരുന്നാല്‍ അത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ പ്രശ്‌നങ്ങള്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് പൂര്‍ണമായി ഭേദമാക്കാനാകില്ലെങ്കിലും നല്ല മാറ്റം വരുത്താന്‍ സാധിക്കും. ഇതിനായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളറിയാം.
പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക. മിതമായ അളവിലെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ബ്രിസ്‌ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യാം. ശ്വസനവ്യായാമങ്ങള്‍, ധ്യാനം ഇവ പരിശീലിക്കാം. അല്ലെങ്കില്‍ ഇഷ്ടവിനോദങ്ങളിലേര്‍പ്പെടാം.
മദ്യപാനവും കഫീന്റെ ഉപയോഗവും നിയന്ത്രിക്കുക, പുകവലി ശീലം ഉപേക്ഷിക്കുക, കൃത്യമായുള്ള ഉറക്കരീതികള്‍, കൊളസ്‌ട്രോളും ബ്ലഡ് ഷുഗറും പതിവായി പരിശോധിക്കുക എന്നിവയെല്ലാം ചെയ്താല്‍ ഒരുപരിധി വരെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാം.
What's Your Reaction?






