നാലു ജീവനുകൾക്ക് പ്രതീക്ഷയായി 23-കാരൻ; ഹൃദയം പ്രത്യേക ദൗത്യത്തിലൂടെ കൊച്ചിയിൽ എത്തിച്ചു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്ന സംഭവം.
കണ്ണൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 23-കാരന്റെ ഹൃദയം പ്രത്യേക എയർ ആംബുലൻസ് വഴി കൊച്ചിയിലെത്തിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി രാവിലെ കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് പുറപ്പെട്ട ഹൃദയം വെറും 50 മിനിറ്റിനുള്ളിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തിച്ചു.സർക്കാർ സംവിധാനമൊരുക്കിയ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് ഹൃദയം അതിവേഗം കൊച്ചിയിലെത്തിച്ചത്. മുൻകൂട്ടി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. മലപ്പുറം സ്വദേശിയായ 48-കാരനാണ് ഹൃദയം മാറ്റിവെക്കുന്നത്.ഹൃദയത്തോടൊപ്പം യുവാവിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തു. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചു.
ഇതോടെ നാല് പേർക്ക് പുതുജീവൻ ലഭിക്കാനുള്ള വഴിയാണ് തുറന്നത്.
ബുധനാഴ്ച പുലർച്ചെ കണ്ണൂർ വളക്കൈ പ്രദേശത്ത് നടന്ന വാഹനാപകടത്തിലാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ദുഃഖത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകരാനുള്ള കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ മാതൃകയായി മാറുകയാണ്.
What's Your Reaction?



