'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി
സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചർച്ചയായതിന് പിന്നാലെ മൂന്നാർ പോലീസ് സ്വമേധയാ കേസെടുത്തു
                                മൂന്നാറിൽ ഓൺലൈൻ ടാക്സി (ഊബർ) ഉപയോഗിച്ചതിന് പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ ഭീഷണി നേരിട്ട ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനിയായ യുവതി. സംഭവത്തിൽ അതീവ ദുഃഖിതയായ യുവതി 'ഇനി കേരളത്തിലേക്ക് യാത്ര ചെയ്യില്ല' എന്നും പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചർച്ചയായതിന് പിന്നാലെ മൂന്നാർ പോലീസ് സ്വമേധയാ കേസെടുത്തു.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി ആണ് ആക്രമിക്കപ്പെട്ട വ്യക്തി. കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം ഓൺലെെൻ ടാക്സിയിൽ (ഊബർ) സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ എത്തിയപ്പോഴാണ് ദുരനുഭവം. മൂന്നാറിൽ ഓൺലെെൻ ടാക്സികൾക്ക് നിരോധനമാണെന്ന് ആരോപിച്ച് പ്രാദേശിക ടാക്സി യൂണിയൻ സംഘം ഇവരെ തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തി.
യുവതി പോലീസിന്റെ സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും യൂണിയൻ്റെ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്ന യുവതി, തനിക്ക് സുരക്ഷിതത്വം തോന്നാത്തതിനാൽ ട്രിപ്പ് അവസാനിപ്പിച്ച് ഉടൻ മടങ്ങുകയായിരുന്നു. ഓൺലെെൻ ടാക്സി നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് യൂണിയൻ ടാക്സി ഡ്രൈവർമാർ ആവശ്യപ്പെട്ടതെന്ന് യുവതി ആരോപിച്ചു.
"ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ ഇനി എനിക്ക് കഴിയില്ല." ജാൻവി തൻ്റെ അനുഭവം ഓൺലൈനിൽ പങ്കുവെച്ചതിന് ശേഷം, മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ പീഡനങ്ങൾ നേരിട്ടതായി വ്യക്തമാക്കി നിരവധി സന്ദേശങ്ങൾ ലഭിച്ചതായും അവർ അറിയിച്ചു. ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടരുകയും, സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ഓൺലെെൻ ടാക്സി സേവനം നൽകുന്നു എന്നാരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും പ്രാദേശിക ടാക്സി യൂണിയനും ഓൺലൈൻ ടാക്സി ഡ്രൈവർമാരും തമ്മിൽ സംഘർഷങ്ങൾ പതിവാണ്. ഇക്കഴിഞ്ഞ ജൂണിൽ ഓൺലെെൻ ടാക്സി വാഹനം തല്ലിത്തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി. മൂന്നാറിൽ ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പോലും ടാക്സി ഡ്രൈവർമാർ വഴിയിൽ തടഞ്ഞിരുന്നു.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

