മൊസാംബിക്കിലെ ബോട്ട് അപകടം: കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
മൃതദേഹം ഇന്ദ്രജിത്തിൻ്റേത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞതായി കമ്പനി അധികൃതർ അറിയിച്ചു
                                കൊച്ചി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിൻ്റെ (22) മൃതദേഹമാണ് രണ്ടാഴ്ചയിലേറെ നീണ്ട തെരച്ചിലിനൊടുവിൽ ലഭിച്ചത്. മൃതദേഹം ഇന്ദ്രജിത്തിൻ്റേത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞതായി കമ്പനി അധികൃതർ അറിയിച്ചു.
ഒക്ടോബർ 16-ന് നടന്ന അപകടത്തിൽ കൊല്ലം സ്വദേശി ശ്രീരാഗ്, പിറവം സ്വദേശി ഇന്ദ്രജിത്ത് ഉൾപ്പെടെ അഞ്ച് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ഈ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി. ഒക്ടോബർ 16-ന് പുലർച്ചെയാണ് ബെയ്‌റ തുറമുഖത്തുനിന്ന് 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീക്വസ്റ്റ് എണ്ണക്കപ്പലിലേക്ക് ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്.
ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ ബോട്ടിൽ നിന്ന് കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

