രാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി

വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങൾ മൊബൈലിൽ

Oct 31, 2025 - 11:20
Oct 31, 2025 - 11:20
 0
രാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി
തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു.
 
അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടിബി -ക്യാൻസർ സ്‌ക്രീനിങ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ 7 ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 1300 ഓളം ലാബുകൾ നിലവിൽ നിർണയ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ വിവിധ ജില്ലകളിലായി ഇരുനൂറിലധികം ഹബ്ബ് ലാബുകളും 1100 ഓളം സ്പോക്ക് ലാബുകളും ഉൾപ്പെടുന്നു.
 
കേരള സർക്കാരിന്റെ ഇ ഹെൽത്ത് പോർട്ടൽ വഴിയാണ് റിസൾട്ട് ലഭ്യമാകുന്നത്. പോർട്ടലിലും, എസ്എംഎസ് ആയും, എംഇ ഹെൽത്ത് (meHealth) മൊബൈൽ ആപ്പ് വഴിയും റിസൾട്ട് ലഭ്യമാകും. ഇന്ത്യൻ പോസ്റ്റൽ സർവീസും ഈ പദ്ധതിയുമായി സഹകരിക്കുന്നു.
 
കൂടുതൽ സങ്കീർണമായ ടെസ്റ്റുകൾ കുടുംബാരോഗ്യ/ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ സാധ്യമാകുന്നു. ദൂരെയുള്ള ഹബ് ലാബിൽ നേരിട്ട് ചെല്ലാതെ തന്നെ പരിശോധനകൾ നടത്തുവാൻ രോഗിക്ക് സാധിക്കുന്നു. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള, ഗുണ നിലവാരമുള്ള പരിശോധനകൾ, കുറഞ്ഞ ചിലവിൽ രോഗിക്ക് സാധ്യമാകുന്നു. ടെസ്റ്റ് റിസൾട്ടുകൾ, സാമ്പിളുകൾ പരിശോധനയ്ക്കായി നൽകിയ സ്പോക്ക് ലാബുകളായ ഹെൽത്ത് സെന്ററിൽ നിന്ന് തന്നെ സമയബന്ധിതമായി രോഗിക്ക് ലഭിക്കുന്നു. കൂടാതെ പരിശോധനാ സമയത്ത് നൽകിയ വെരിഫൈഡ് രജിസ്റ്റർഡ് മൊബൈൽ നമ്പറിൽ എസ്.എം.എസ്. ആയും രോഗിക്ക് ലഭിക്കുന്നു.
 
ഈ സംവിധാനത്തിലൂടെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുന്നു. ഇതിലൂടെ രോഗികളുടെ ചികിത്സാ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. നവകേരളം കർമ്മപദ്ധതിയിലും ആർദ്രം പദ്ധതിയിലും വിഭാവനം ചെയ്ത സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിലെ നിർണായക ചുവടുവെപ്പാണ് നിർണയ.

What's Your Reaction?

like

dislike

love

funny

angry

sad

wow