പാതിവില തട്ടിപ്പ്: കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: പാതിവിലയ്ക്ക് ഇരുചക്രവാഹനവും മറ്റും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഒന്‍പത് കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതിനിടെ പാതിവിലത്തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വഴിതിരിച്ചു വിടാനാണെന്ന് ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് കെ.കെ. വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാർ ദേശീയ ചെയർമാനായ ദേശീയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നും എൻജിയോ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
What's Your Reaction?






