തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പുരോഗമിക്കുന്നു: 7 ജില്ലകള്‍ ബൂത്തില്‍; രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി

ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്

Dec 9, 2025 - 09:32
Dec 9, 2025 - 09:33
 0
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പുരോഗമിക്കുന്നു: 7 ജില്ലകള്‍ ബൂത്തില്‍; രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ് (4.35%).

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,167 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,620 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്.

രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടർന്ന് രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചു. പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലെ പത്താം ഡിവിഷൻ (ഓണക്കൂർ), തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. 

ഗ്രാമപ്രദേശങ്ങളിലുള്ള വോട്ടർമാർക്ക് മൂന്ന് വോട്ടുകൾ (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) രേഖപ്പെടുത്താം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരു വോട്ട് (മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) രേഖപ്പെടുത്തണം. ബാക്കിയുള്ള ഏഴ് ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. എല്ലാ ജില്ലകളിലെയും വോട്ടുകൾ ഈ മാസം 13-ന് രാവിലെ എണ്ണും.

What's Your Reaction?

like

dislike

love

funny

angry

sad

wow