ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്സണ്‍ അന്തരിച്ചു
നൊബേൽ സമ്മാന ജേതാവുമാണ് ഇദ്ദേഹം.
ന്യൂയോർക്ക്: ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞരിലൊരാളും നൊബേൽ സമ്മാന ജേതാവുമായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്‌സൺ (97) അന്തരിച്ചു. 1953-ലാണ് വാട്‌സണും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കും ചേർന്ന് ഡിഎൻഎയുടെ വിഖ്യാതമായ ഇരട്ട പിരിയൻ ഗോവണി ഘടന കണ്ടുപിടിച്ചത്.
ഈ കണ്ടുപിടിത്തത്തിന് 1962-ൽ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട്, ജനിതക പരിശോധന മുതൽ ജീൻ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് ഈ കണ്ടുപിടിത്തം വഴിയൊരുക്കി.
തന്മാത്രാ ജീവശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സൺ നിർണായക സംഭാവന നൽകിയത്. 1928-ൽ ഷിക്കാഗോയിലായിരുന്നു വാട്‌സന്റെ ജനനം. ഇംഗ്ലണ്ടിലെ കേംബ്രിജിൽ വെച്ചാണ് അദ്ദേഹം ഡിഎൻഎ ഘടനയെക്കുറിച്ചുള്ള തന്റെ ഗവേഷണം നടത്തിയത്. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം പിഎച്ച്.ഡി. പൂർത്തിയാക്കി.
സമീപകാലത്ത് വംശീയതയെക്കുറിച്ചും ലിംഗഭേദത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ ചില അഭിപ്രായപ്രകടനങ്ങൾ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കറുത്തവരും വെളുത്തവരുമായ ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിർണ്ണയിക്കുന്നതിൽ ജീനുകൾക്ക് പങ്കുണ്ട് എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തി.
What's Your Reaction?

