ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. വെടിനിർത്തലും ബന്ദി മോചന പദ്ധതിയും ഇസ്രയേൽ അംഗീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏകദേശം 2000 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതാണ് കരാറിന്‍റെ ആദ്യ ഘട്ടം. ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നുമാണ് വിവരം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും അറിയിച്ചു.
ഗാസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും.
ഇന്നലെയാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ വന്നത്. ഗസയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം എന്നീ വിഷയങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്.കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു.