ചരിത്രകരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും യു.കെയും;, തീരുവ ഒഴിവാക്കി കേരളത്തിനും ഗുണം
2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ

ലണ്ടൻ: ഇന്ത്യയും യു.കെ.യും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യു.കെ. സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. മോദിയുടെയും യു.കെ. പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് എന്നിവർ കരാറിൽ ഒപ്പിട്ടു. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുതിയ മാർഗങ്ങൾ കരാർ സൃഷ്ടിക്കും. ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ജനസംഖ്യയുടെ 44 % വരുന്ന കർഷകജനതയാകും കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. കരാർ യാഥാർഥ്യമായതോടെ ഇന്ത്യയിൽനിന്നുള്ള കാർഷികോത്പന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കും തീരുവയില്ലാതെ ബ്രിട്ടിഷ് മാർക്കറ്റുകളിൽ വിപണനം നടത്താനാകും. മഞ്ഞൾ, കുരുമുളക്, ഏലക്ക, സംസ്കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പൾപ്പ്, അച്ചാർ, ധാന്യങ്ങൾ എന്നിവയ്ക്കാണ് പുതിയ കരാറിനു കീഴിൽ തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഇത് ഇന്ത്യൻ കർഷകരുടെ വിപണി സാധ്യതയും ലാഭവും വർധിപ്പിക്കും.
യു.കെ.യിൽനിന്നുള്ള ഇറക്കുമതി ഇന്ത്യൻ കർഷകരെ ബാധിക്കാത്ത തരത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പാലുത്പന്നങ്ങൾ, ആപ്പിൾ, ഓട്സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നൽകാത്തതിനാൽ ആഭ്യന്തര കർഷകരെ ബാധിക്കില്ല. തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണം ചെയ്യുന്നതാണ് കരാർ.
What's Your Reaction?






