പോക്‌സോ കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; കേന്ദ്രമന്ത്രിയുടെ മകൻ കീഴടങ്ങി

May 16, 2026 - 23:35
May 16, 2026 - 23:38
 0
പോക്‌സോ കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; കേന്ദ്രമന്ത്രിയുടെ മകൻ കീഴടങ്ങി

ഹൈദരാബാദ്: പോക്‌സോ കേസില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ബഗീരത് പൊലീസിന് മുന്നിൽ കീഴടങ്ങി. ബഗീരത് രാജ്യം വിട്ടുപോകാനുള്ള സാധ്യത മുന്നിൽക്കണ്ട് സൈബറാബാദ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതോടെയാണ് കീഴടങ്ങൽ. 17 വയസുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബഗീരത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിലെ ആരോപണം. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, കേസിൽ പോക്‌സോ നിയമത്തിലെ കൂടുതൽ കർശനമായ വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു.

അതേസമയം, പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ബണ്ടി ബഗീരതും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടി തന്നോട് മനഃപൂർവം അടുപ്പം സ്ഥാപിച്ചതാണെന്നും, സൗഹൃദത്തിന്റെ പേരിൽ ക്ഷണിച്ചതനുസരിച്ച് കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ബഗീരത് പറയുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ നിർബന്ധിക്കുകയും, ഇതിന് വഴങ്ങാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് ബഗീരതിന്റെ വാദം. മാനഹാനി ഭയന്ന് ആദ്യം 50,000 രൂപ നൽകിയെങ്കിലും, പിന്നീട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് അവർ ബ്ലാക്ക്‌മെയിൽ തുടർന്നുവെന്നും, പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ അമ്മ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബഗീരത് തന്റെ പരാതിയിൽ ആരോപിക്കുന്നു. പരസ്പര വിരുദ്ധമായ ഇരു പരാതികളിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow