ഇടതുമണ്ണിൽ എരിയും ‘ചുവപ്പ്’ വിവാദം; തോൽവിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പടയൊരുക്കം, ആറന്മുളയിലെ വീഴ്ച മുതൽ കണ്ണൂരിലെ ഈഗോ വരെ!

May 16, 2026 - 16:34
May 16, 2026 - 16:48
 0
ഇടതുമണ്ണിൽ എരിയും ‘ചുവപ്പ്’ വിവാദം; തോൽവിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പടയൊരുക്കം, ആറന്മുളയിലെ വീഴ്ച മുതൽ കണ്ണൂരിലെ ഈഗോ വരെ!

പത്തനംതിട്ട/കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അഭൂതപൂർവമായ ആഭ്യന്തര കലഹവും രൂക്ഷവിമർശനവും. ആറന്മുളയിൽ വീണ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ മോശം പെരുമാറ്റമാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത സ്വഭാവമാണ് അവർക്കുള്ളതെന്നും, അനാവശ്യ വിവാദങ്ങളിൽ അവർ സ്വയം ചെന്ന് തലവെക്കുകയായിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കെ.കെ. ശൈലജ ടീച്ചറെ കേവലം ‘ഈഗോ’യുടെ പേരിൽ കുരുതി കൊടുത്തതാണെന്നും, പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് യഥാർത്ഥത്തിൽ ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

​പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിൽ പത്തനംതിട്ടയിലെ നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല, സ്വന്തം ഭാര്യയെ (പി.കെ. ശ്യാമള) മാത്രമാണെന്ന ഗുരുതരമായ ആക്ഷേപവും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നുണ്ടായി.

​അതേസമയം, പാർട്ടിയുടെ കോട്ടയായ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിനെതിരെ കടുത്ത അമർഷമാണ് പുകയുന്നത്. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങൾക്ക് ഒട്ടും ദഹിച്ചില്ലെന്ന് യോഗം വിലയിരുത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക്’ എന്ന് എം.വി. ഗോവിന്ദൻ നടത്തിയ പരാമർശം പാർട്ടിക്ക് വലിയ തിരിച്ചടിയായി. തങ്ങൾ മാറാൻ തയ്യാറല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു ആ പ്രതികരണമെന്നും, അത് കേട്ടില്ലെന്ന് നടിച്ചിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പമെന്നും നേതാക്കൾ ചോദ്യമുയർത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വത്തിന് അമിത ആത്മവിശ്വാസമായിരുന്നു. വി. കുഞ്ഞികൃഷ്ണനെപ്പോലെയുള്ളവരെ ചെറുതായി കണ്ടതും തളിപ്പറമ്പിലുണ്ടായ ഞെട്ടിക്കുന്ന വോട്ട് ചോർച്ചയും പാർട്ടിയുടെ അടിത്തറ ഇളക്കി. അണികൾക്കിടയിലുണ്ടായ അടിയൊഴുക്കുകൾ മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് കഴിഞ്ഞില്ലെന്ന സ്വയംവിമർശനത്തോടെ പാർട്ടിക്കുള്ളിലെ നേതൃയോഗങ്ങൾ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow