സമരച്ചൂളയിൽ താങ്ങായ 'സതീശൻ അണ്ണൻ'; കന്റോൺമെന്റ് ഹൗസിൽ വികാരനിർഭര നിമിഷങ്ങൾ, ആശാ വർക്കർമാർക്ക് ഉറപ്പേകി നിയുക്ത മുഖ്യമന്ത്രി!
തിരുവനന്തപുരം: നീണ്ട 266 ദിവസത്തെ തങ്ങളുടെ കണ്ണീരിനും പോരാട്ടത്തിനും ഒപ്പം നിന്ന പ്രിയ നേതാവിനെ കാണാൻ ആശാ വർക്കർമാർ കന്റോൺമെന്റ് ഹൗസിലെത്തി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട്, തങ്ങളുടെ സമരത്തിന് നൽകിയ സമാനതകളില്ലാത്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുകയായിരുന്നു അവർ. കേവലമൊരു രാഷ്ട്രീയ പിന്തുണയ്ക്കപ്പുറം, സമരത്തിന്റെ ഓരോ ഘട്ടത്തിലും തികച്ചും വൈകാരികമായാണ് വി.ഡി. സതീശൻ തങ്ങളോടൊപ്പം നിലകൊണ്ടതെന്ന് ആശാ പ്രവർത്തകർ എടുത്തുപറഞ്ഞു. ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അദ്ദേഹം നേരത്തെ ഉറപ്പുനൽകിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലും ആ വാക്ക് അദ്ദേഹം ആവർത്തിച്ചതായും തങ്ങൾക്ക് പുതിയ സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രവർത്തകർ മാധ്യമങ്ങളോട് വ്യക്തമാക്കി.
What's Your Reaction?

