ഒരു രൂപയ്ക്ക് ഷൂ ഓഫർ; കോഴിക്കോട്ട് വൻ സംഘർഷം, പോലീസ് ലാത്തിവീശി; കടയുടമകൾ കസ്റ്റഡിയിൽ

റീ-ഓപ്പണിംഗ് പ്രമാണിച്ച് ആദ്യം എത്തുന്നവർക്ക് ഒരു രൂപയുടെ നോട്ട് നൽകിയാൽ ഷൂ നൽകാമെന്നായിരുന്നു കടയുടമകളുടെ സോഷ്യൽ മീഡിയ പരസ്യം

Mar 8, 2026 - 11:59
Mar 8, 2026 - 12:00
 0
ഒരു രൂപയ്ക്ക് ഷൂ ഓഫർ; കോഴിക്കോട്ട് വൻ സംഘർഷം, പോലീസ് ലാത്തിവീശി; കടയുടമകൾ കസ്റ്റഡിയിൽ

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ സംഘർഷാവസ്ഥ. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ 'ട്രെൻഡ് ഫാക്ടറി' എന്ന കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ വിചിത്രമായ ഓഫറാണ് സംഘർഷത്തിൽ കലാശിച്ചത്. 

റീ-ഓപ്പണിംഗ് പ്രമാണിച്ച് ആദ്യം എത്തുന്നവർക്ക് ഒരു രൂപയുടെ നോട്ട് നൽകിയാൽ ഷൂ നൽകാമെന്നായിരുന്നു കടയുടമകളുടെ സോഷ്യൽ മീഡിയ പരസ്യം. രാവിലെ 10 മണിക്ക് ഓഫർ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ മൂന്ന് മണി മുതൽ വൻതോതിൽ വിദ്യാർത്ഥികളും യുവാക്കളും കടയ്ക്ക് മുന്നിൽ തടിച്ചുകൂടി.
 
പുലർച്ചെ എത്തിയവർക്ക് ഓഫർ നൽകി തീർത്തു എന്ന കടയുടമകളുടെ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. പറഞ്ഞ സമയത്തിന് മുൻപേ ഓഫർ അവസാനിപ്പിച്ചത് ശരിയായില്ലെന്ന് കാണിച്ച് എത്തിയവർ ബഹളം വെച്ചു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ഇന്ന് കട തുറക്കില്ലെന്ന് ബോർഡ് വെപ്പിച്ച പോലീസ് കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow