ഓസ്‌ലോയിലെ യു.എസ് എംബസിയിൽ സ്ഫോടനം; കോൺസുലാർ വിഭാഗത്തിന് നേരെ ആക്രമണം
ഇതൊരു അപകടമല്ലെന്നും മറിച്ച് ആസൂത്രിതമായ ആക്രമണമാണെന്നും പോലീസ് വ്യക്തമാക്കി
ഓസ്‌ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ യു.എസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ നടന്ന സ്ഫോടനം അമേരിക്കൻ നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണമാണെന്ന് നോർവീജിയൻ അധികൃതർ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഓസ്‌ലോയിലെ അതീവ സുരക്ഷാ മേഖലയിലുള്ള എംബസി കോമ്പൗണ്ടിലാണ് അട്ടിമറി ശ്രമം നടന്നത്.
സംഭവത്തിന് പിന്നാലെ ബോംബ് സ്ക്വാഡും പോലീസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി പ്രദേശം നിരീക്ഷണത്തിലാക്കി.പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഇതൊരു അപകടമല്ലെന്നും മറിച്ച് ആസൂത്രിതമായ ആക്രമണമാണെന്നും പോലീസ് വ്യക്തമാക്കി. സമീപ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. നോർവീജിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര കാര്യാലയത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
What's Your Reaction?