മോന്‍ത ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തടെ കര തൊടും; മഴയ്‌ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്
ആന്ധ്രാപ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കര തൊടും. ചുഴലിക്കാറ്റ് ആന്ധ്രാ തീരത്താണ് എത്തുക. ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. ആന്ധ്രാപ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മുൻകരുതലിൻ്റെ ഭാഗമായി ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന 'മോൻത', വൈകുന്നേരത്തോടെ പരമാവധി 110 കിലോമീറ്റർ വേഗതയിൽ ആന്ധ്രാതീരത്തെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. 'മോൻത'യെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് രാജ്യത്തിൻ്റെ കിഴക്കൻ തീരം.
What's Your Reaction?

