സംസ്ഥാനത്ത് പവർകട്ടില്ല, ഉള്ളത് ലോഡ് ട്രിപ്പിങ് മാത്രം; പദ്ധതികൾ തടഞ്ഞത് തിരിച്ചടിയായെന്ന് മന്ത്രി
സംസ്ഥാനത്ത് നിലവിൽ ഔദ്യോഗികമായി പവർകട്ടില്ലെന്നും അമിത ഉപഭോഗം മൂലം ലോഡ് കൂടുമ്പോൾ ലൈനുകൾ താനേ ട്രിപ്പാകുന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മിഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി വാദമുയർത്തി ജലവൈദ്യുത പദ്ധതികൾ തടസ്സപ്പെടുത്തിയതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഉഷ്ണതരംഗം മൂലം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചു. ഗാർഹിക ഉപഭോക്താക്കൾ രാത്രിസമയങ്ങളിൽ എസി, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം. പത്തുമിനിറ്റ് വരെ നീളുന്ന ട്രിപ്പിംഗിനെ ലോഡ്ഷെഡിങ് എന്ന് വിളിക്കാനാവില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മിഷൻ വരുത്തിയ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കി. പുതിയ വൈദ്യുതി പദ്ധതികളെ എതിർക്കുന്ന നിലപാട് മാറ്റിയാൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി.
What's Your Reaction?