എസ്.എച്ച്.ഒ.യുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്: ഡി.വൈ.എസ്.പി യുവതിയെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; തന്നെയും നിർബന്ധിച്ചതായി ആരോപണം
2014-ൽ സി.ഐ. ആയിരുന്ന, നിലവിൽ വടകര ഡി.വൈ.എസ്.പി. ആയ ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ പ്രധാന വെളിപ്പെടുത്തൽ
പാലക്കാട്: ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ. ആയിരുന്ന ബിനു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ, പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും തന്നെയും അതിന് നിർബന്ധിച്ചതായും കുറിപ്പിൽ ബിനു തോമസ് ആരോപിക്കുന്നു. 2014-ൽ പാലക്കാട്ട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കുറിപ്പിൽ പറയുന്നത്. 2014-ൽ സി.ഐ. ആയിരുന്ന, നിലവിൽ വടകര ഡി.വൈ.എസ്.പി. ആയ ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ പ്രധാന വെളിപ്പെടുത്തൽ.
ചെർപ്പുളശ്ശേരി നഗരത്തിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പോലീസ് ഉദ്യോഗസ്ഥനാൽ പീഡിപ്പിക്കപ്പെട്ടത്. കേസ് ഒതുക്കാനും വാർത്തയാകാതിരിക്കാനും പോലീസ് ഉദ്യോഗസ്ഥനു കീഴടങ്ങുകയല്ലാതെ യുവതിക്ക് മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നെന്ന് കുറിപ്പിൽ പറയുന്നു.
അറസ്റ്റ് ചെയ്ത ദിവസം യുവതിയെ സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ യുവതിയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയുമാണുണ്ടായത്. അതിനുശേഷം ഇക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയായ 52 കാരനായ ബിനു തോമസ് ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.
What's Your Reaction?

