‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’; ഇന്ത്യയ്ക്ക് മേലുള്ള അധികതീരുവ ഒഴിവാക്കുമെന്ന സൂചന നല്‍കി ട്രംപ്
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല

ന്യൂയോർക്ക്: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണ ഉപഭോക്താവായ ഇന്ത്യയെ റഷ്യയ്ക്ക് നഷ്ടപ്പെട്ടെന്നും ഈ സാഹചര്യത്തിൽ അധിക തീരുവ ചുമത്തേണ്ടതില്ലെന്നുമാണ് ട്രംപ് സൂചന നൽകിയത്. ‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’– തീരുവ വർധന സംബന്ധിച്ച് ട്രംപ് പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ചൈനയും ഇന്ത്യയുമാണ് റഷ്യയിൽനിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടതായി ഇന്ത്യയെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
‘റഷ്യയുടെ 40% എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയും വലിയ തോതിൽ എണ്ണ വാങ്ങുന്നുണ്ട്. ഞാൻ തീരുവ വർധിപ്പിക്കുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാൽ ചെയ്യും. ചിലപ്പോൾ എനിക്കത് ചെയ്യേണ്ടിവരില്ല’– ട്രംപ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
What's Your Reaction?






