CMRL-എക്‌സാലോജിക് കേസ്; മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ, മകൾ വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസ്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, എംഡി ശശിധരൻ കർത്തയുടെ വസതി തുടങ്ങി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം മിന്നൽ റെയ്ഡ് നടത്തുന്നത്.
തിരുവനന്തപുരത്തെ വസതിയിലുള്ള പിണറായി വിജയൻ, വീണ വിജയൻ എന്നിവരിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ നിലവിൽ മൊഴി ശേഖരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ ഈ വൻ നീക്കം.
എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനി യാതൊരു സേവനവും നൽകാതെ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നുമുള്ള ആക്ഷേപത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
റെയ്ഡ് വാർത്തകൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ കടുത്ത വാദപ്രതിവാദങ്ങളിലേക്ക് തിരിഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്നും, അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റക്കാർ ജയിലിലാകുമെന്നും പരാതിക്കാരനായ ഷോൺ ജോർജ് പ്രതികരിച്ചു.
അതേസമയം, പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് കെ.യു. ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു പ്രതികാര രാഷ്ട്രീയ വേട്ടയാടലാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഐഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കുമ്പോൾ, വിശദാംശങ്ങൾ പരിശോധിച്ച ശേഷം പാർട്ടി ആലോചിച്ച് ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചത്.
What's Your Reaction?



