ടിനി ടോം പറഞ്ഞതിന് തെളിവുണ്ട്, അദ്ദേഹത്തിന്റെ എ.എം.എം.എ അംഗത്വം റദ്ദാക്കണം'; തുറന്നടിച്ച് അൻസിബ ഹസൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യെ (AMMA) വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ടിനി ടോമിനെതിരായ തന്റെ മുൻ പ്രസ്താവനകളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്നും, സംഘടനയുടെ നിയമങ്ങൾ ലംഘിച്ച അദ്ദേഹത്തിന്റെ അംഗത്വം ഉടനടി റദ്ദാക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ വലിയ രീതിയിൽ വേട്ടയാടപ്പെടുകയാണെന്നും, ഇതിനകം നിരവധി പരാതികൾ സംഘടനയ്ക്ക് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും അൻസിബ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തികളെ നോക്കിയാണ് 'അമ്മ'യിൽ പരാതികൾ പരിഗണിക്കുന്നതെന്നും അവിടെ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും വ്യക്തമാക്കിയ താരം, താൻ ഇനി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരികെ ഇല്ലെന്നും എന്നാൽ ഒരു സാധാരണ അംഗമായി തുടരുമെന്നും അറിയിച്ചു. താൻ മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന് ടിനി ടോം പല അംഗങ്ങളോടും പറഞ്ഞതായി നടി നീനാ കുറുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് അൻസിബ വെളിപ്പെടുത്തി. തന്നെക്കുറിച്ച് ഇത്തരത്തിൽ മതപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതായി അറിഞ്ഞപ്പോൾ വലിയ അറപ്പാണ് തോന്നിയതെന്നും, ഇങ്ങനെയുള്ളവർക്കൊപ്പമാണോ താൻ ഇത്രയും നാൾ ഇരുന്നതെന്ന് ആലോചിച്ച് വിഷമം തോന്നിയെന്നും അൻസിബ തുറന്നടിച്ചു.
'അമ്മ'യിലെ ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയ സംഭവവും അൻസിബ പങ്കുവെച്ചു. ഈ വിഷയം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഗ്രൂപ്പിൽ ഉന്നയിച്ചപ്പോൾ, രണ്ട് ഭാരവാഹികൾ തമ്മിലുള്ള പ്രശ്നം സംഘടനയുമായി ബന്ധമില്ലാത്തതാണെന്ന നിലപാടാണ് പ്രസിഡന്റ് ശ്വേതാ മേനോൻ സ്വീകരിച്ചത്. എന്നാൽ ഇതിനിടയിൽ, "ഇങ്ങനെയുള്ള ഊള കേസുകളൊന്നും ഇവിടെ എടുക്കാൻ പറ്റില്ല" എന്ന് ടിനി ടോം ഗ്രൂപ്പിൽ സന്ദേശമയച്ചതായും അൻസിബ ആരോപിച്ചു. ഈ വ്യാജ പരാതിയുടെ പേരിൽ മൂന്ന് മണിക്കൂറോളമാണ് പോലീസ് സ്റ്റേഷനിൽ താൻ മാനസികമായി പീഡിപ്പിക്കപ്പെട്ടതെന്നും ആ ട്രോമയിൽ നിന്ന് ഇതുവരെ പൂർണ്ണമായി മുക്തയായിട്ടില്ലെന്നും അൻസിബ പറഞ്ഞു.
നേരിട്ട് പരാതി നൽകിയിട്ടും പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവർ തിരിഞ്ഞുനോക്കിയില്ലെന്നും, തനിക്കെതിരെ വലിയൊരു ഗൂഢാലോചനയാണ് നടന്നതെന്നും താരം ആരോപിക്കുന്നു. കമ്മിറ്റിയിൽ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്നതാണ് തനിക്കെതിരെയുള്ള വേട്ടയാടലിന് കാരണം. മടുത്തിട്ടാണ് താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതെന്നും, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് കത്തിൽ കാണിച്ചതെങ്കിലും യഥാർത്ഥ കാരണം ഇതാണെന്നും അൻസിബ വ്യക്തമാക്കി. തന്റെ രാജിക്കാര്യം മുൻകൂട്ടി മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയിച്ചിരുന്നതായും അൻസിബ കൂട്ടിച്ചേർത്തു.
What's Your Reaction?



