പറന്നുയർന്ന് മണിക്കൂറുകൾക്കുള്ളിൽ ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി
വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സന്ദേശം ലഭിച്ചത്
ന്യൂഡൽഹി: ടൊറന്‍റോയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സന്ദേശം ലഭിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉയർന്ന ജാഗ്രത പ്രഖ്യാപിക്കുകയും വിമാനം വിശദമായ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, വിശദമായ പരിശോധനകൾക്ക് ശേഷം സന്ദേശം വ്യാജമായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.
ഈ ആഴ്ചയിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. മുംബൈയിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയും സുരക്ഷാ പരിശോധനകൾക്കായി മാറ്റുകയും ചെയ്തിരുന്നു.
ഇതിനു പുറമെ, ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ അജ്ഞാത ബോംബ് ഭീഷണിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ, ഇൻഡിഗോ എയർലൈൻസിന് ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു.
What's Your Reaction?

