ജാമ്യവ്യവസ്ഥ ലംഘിച്ചു: രാഹുൽ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ അതിജീവിത പരാതി നൽകി

അതിജീവിതയെ അവഹേളിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു കോടതി നേരത്തെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്

Jan 4, 2026 - 15:02
Jan 4, 2026 - 15:03
 0
ജാമ്യവ്യവസ്ഥ ലംഘിച്ചു: രാഹുൽ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ അതിജീവിത പരാതി നൽകി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ പീഡനക്കേസിലെ പരാതിക്കാരിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്.

അതിജീവിതയെ അവഹേളിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു കോടതി നേരത്തെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്. എന്നാൽ, പരാതിക്കാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതാണ് പുതിയ പരാതിക്ക് കാരണമായത്.

അതിജീവിതയെ 'വ്യാജ പരാതിക്കാരി' എന്ന് അഭിസംബോധന ചെയ്ത രാഹുൽ, അവർക്കെതിരെ സൈബറാക്രമണം നടത്താൻ സാഹചര്യം ഒരുക്കിയെന്നാണ് യുവതിയുടെ ആരോപണം. പരാതിക്കാരിയുടെ മുൻ ഭർത്താവാണ് യഥാർത്ഥ ഇരയെന്നും, ഒരു മാസത്തിനകം വിവാഹബന്ധം വേർപ്പെടുത്തിയെങ്കിൽ ഇയാൾ എങ്ങനെ ഇപ്പോഴും ഭർത്താവാകുമെന്നും രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു. താൻ മാത്രമാണ് സത്യം പറയുന്നതെന്ന അവകാശവാദവും രാഹുൽ ഉയർത്തിയിരുന്നു.

അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കിയതിലൂടെ കോടതി നിർദ്ദേശിച്ച ജാമ്യവ്യവസ്ഥകൾ രാഹുൽ ലംഘിച്ചുവെന്നാണ് യുവതി ചൂണ്ടിക്കാട്ടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow