തിരുവനന്തപുരം: കാസർകോഡ് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ച് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾ തെറ്റു ചെയ്താൽ നിയമം നോക്കി മാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചുവെന്നും പരാതി കിട്ടിയില്ലെന്ന് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്.
അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വെച്ച് കോളറിൽ പിടിച്ചുവെന്നും ചെവിയുടെ ഭാഗത്തേക്ക് അടിക്കുകയായിരുന്നുവെന്നാണ് ആരോപണം. കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി അമ്മ പറയുന്നു.