വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് യുഎസ് സുപ്രീംകോടതി. രാജ്യവ്യാപകമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രിംകോടതി വിധി. ആറ് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്ജിമാർ വിയോജിക്കുകയും ചെയ്ത വിധിയിലൂടെയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
ചില കേസുകളില്‍ ഫെഡറൽ കോടതികളുടെ ഇടപെടൽ, യുഎസ് കോൺഗ്രസ് നൽകിയ അധികാരത്തിനും മുകളിലാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. മാത്രമല്ല ജന്മാവകാശ നിയമവുമായും, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിർത്തുന്ന നിയമവുമായും താൻ ഉടൻ മുന്നോട്ടുപോകുമെന്നും ട്രംപ് വ്യക്തമാക്കി.