പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം യുവതി കൊല്ലപ്പെട്ടു
ലക്‌നൗ: ഉത്തർപ്രദേശിലെ കുശിനഗറിൽ പ്രണയപ്പകയെത്തുടർന്ന് യുവാവ് നടത്തിയ ആസിഡ് ആക്രമണത്തിൽ 23 വയസ്സുകാരി കൊല്ലപ്പെട്ടു. കുശിനഗർ സ്വദേശിനിയായ കാജളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മ ലീലാവതി ദേവിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഛോട്ടിലാൽ ഖർവാർ, അനുജ് കുശ്‌വാഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാംകൊല പോലീസ് സ്റ്റേഷൻ പരിധിയിലെ മോർവാൻ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാജളും അമ്മയും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതികൾ അതിക്രമിച്ചു കയറി ആസിഡ് ഒഴിച്ചത്.
ജനൽ വഴി വീടിന്റെ മുകൾ ഭാഗത്ത് കയറിയാണ് പ്രതികൾ അകത്തെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ ഗോരഖ്‌പുർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ കാജൾ മരണത്തിന് കീഴടങ്ങി.
കാജളിന്റെ സഹോദരൻ അഭിഷേക് യാദവ് നൽകിയ പരാതിയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതിയായ ഛോട്ടിലാൽ കാജളിനോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ കാജൾ ഇത് ശക്തമായി നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഈ പകയിലാണ് സുഹൃത്തിന്റെ സഹായത്തോടെ ആസിഡ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായി അഡീഷണൽ സൂപ്രണ്ട് സിദ്ധാർത്ഥ് വർമ വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ ലീലാവതി ദേവി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
What's Your Reaction?