നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 മരണം, നിരവധി പേർക്ക് പരിക്ക്
ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ കറ്റോൾ താലൂക്കിലെ റാവൽഗാവിലുള്ള എസ്‌ബിഎൽ (SBL) കമ്പനിയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.
ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7-നും 7.15-നും ഇടയിലാണ് ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ സ്ഫോടനം നടന്നതെന്ന് കമ്പനി അധികൃതർ സ്ഥിരീകരിച്ചു.
സ്ഫോടനത്തിന് പിന്നാലെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി പ്രദേശം വളയുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലും സമീപത്തെ സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
സ്ഫോടനത്തിന്റെ തീവ്രതയിൽ നിർമ്മാണ യൂണിറ്റ് പൂർണ്ണമായും തകരുകയും സമീപപ്രദേശങ്ങളിൽ പ്രകമ്പനമുണ്ടാകുകയും ചെയ്തു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥാപനത്തിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാശനഷ്ടങ്ങൾ പൂർണ്ണമായി വിലയിരുത്തിയ ശേഷം കമ്പനി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്ന് അറിയിച്ചു.
What's Your Reaction?