ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത്റാവു ചികിത്സാലയ (എംവൈഎച്ച്) യിലാണ് സംഭവം. നിയോനാറ്റൽ ഐസിയുവിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങളെയാണ് എലി കടിച്ചത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. ആശുപത്രി വാര്‍ഡിലെ പലയിടങ്ങളിലും എലികള്‍ ഓടിനടക്കുന്നതിനായിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് എംവൈഎച്ച് ആശുപത്രിയിലെ രണ്ട് നവജാതശിശുക്കളെ എലി കടിച്ചത്. ഒരു ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കുമാണ് കടിയേറ്റത്. ഒരു കുഞ്ഞിന്റെ വിരലിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്.
ഇതിൽ ഒരാൾ ചൊവാഴ്ച്ച മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പെൺകുട്ടിയാണ് മരിച്ചത്. ആൺകുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായി നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.