ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആരാണ്? എന്തുകൊണ്ട് ആ പേര്? ചോദ്യങ്ങളുമായി ഹൈക്കോടതി
ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കൊച്ചി: ആഗോള അയ്യപ്പ സംഗമം ആരാണ് സംഘടിപ്പിക്കുന്നതെന്നും എന്തുകൊണ്ടാണ് ആ പേര് വിളിക്കുന്നതെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.
ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി എന്തു ബന്ധമാണ്?. എന്തിനാണ് അയ്യപ്പന്റെ പേരില്‍ മാത്രം പരിപാടി നടത്തുന്നത് എന്നും കോടതി ചോദിച്ചു.
ദേവസ്വം ബോര്‍ഡിന് ശബരിമല മാത്രമല്ല, മറ്റു ക്ഷേത്രങ്ങളുമുണ്ടല്ലോയെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് പരിപാടി നടത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇതു ഞെട്ടിക്കുന്നതാണെന്നും അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു.
പരിപാടിയുടെ നടത്തിപ്പില്‍ സുതാര്യതയില്ല. സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും വ്യക്തതയില്ല. ശബരിമല ആഗോള തലത്തില്‍ പ്രശസ്തമായ ക്ഷേത്രമാണ്. അങ്ങനെയൊരു ക്ഷേത്രത്തിനെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇത്തരമൊരു പരിപാടിയുടെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇതു രാഷ്ട്രീയപരിപാടി ആണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹര്‍ജിക്കാരനും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും കോടതി വിമര്‍ശിച്ചു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ഹര്‍ജികള്‍ കൂടി കോടതിയിലുണ്ട്. ഇവയെല്ലാം ഒരുമിച്ച് ഈ മാസം ഒന്‍പതിന് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
What's Your Reaction?






