ഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹി-എന്‍സിആറില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി.കർശന നിബന്ധനകളോടെയാണ് അനുമതി. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൂടാതെ പടക്കങ്ങൾ പൊട്ടിക്കാൻ സമയക്രമവും കോടതി നിശ്ചയിച്ചു. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നൽകിയത്.
എന്‍ഇഇആര്‍ഐ(നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങള്‍ മാത്രം വില്‍ക്കാനും ഉപയോഗിക്കാനുമാണ് അനുമതിയുള്ളത്.
ആഘോഷങ്ങങ്ങൾക്കുംപരിസ്ഥിതി സംരക്ഷണത്തിനും ഇടയിലുള്ള "സന്തുലിതമായ സമീപനം" എന്നാണ് സുപ്രീം കോടതി ഇതിനെ വിശേഷിപ്പിച്ചത്.
ഇരുപത്തിയൊന്നാം തിയതിക്ക് ശേഷം ഈ പടക്കങ്ങളുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും. ഈ നിരോധന നിയമം ലംഘിക്കുന്ന പടക്ക നിര്‍മ്മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഹരിത പടക്കങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിൽ പെട്രോളിംഗ് പരിശോധനകൾ നടത്തണം. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സുപ്രീംകോടതി നിർദേശം നൽകി.