കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്.
ഹോട്ടൽ ജീവനക്കാരനായ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്.
അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതി പെണ്‍കുട്ടിയുടെ മാതാവിനൊപ്പം ആണ് താമസം.