സൂപ്പർലീഗ് കേരള സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു: കാരണം തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതിനാൽ സുരക്ഷാ ചുമതലയ്ക്കായി ഭൂരിഭാഗം സേനാംഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്
തൃശ്ശൂർ: സൂപ്പർലീഗ് കേരള രണ്ടാം സീസണിലെ സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. തൃശ്ശൂരിൽ ഇന്ന് (ഞായറാഴ്ച) വൈകീട്ട് 7.30-ന് നടക്കാനിരുന്ന തൃശ്ശൂർ മാജിക് എഫ്.സി. - മലപ്പുറം എഫ്.സി. മത്സരം ഉൾപ്പെടെയുള്ളവയാണ് മാറ്റിയത്. തൃശ്ശൂർ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മത്സരം മാറ്റിവെച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതിനാൽ സുരക്ഷാ ചുമതലയ്ക്കായി ഭൂരിഭാഗം സേനാംഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്. മത്സരത്തിൻ്റെ സുരക്ഷാ ചുമതലയ്ക്കായി വേണ്ടത്ര ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ കഴിയില്ലെന്ന് പോലീസ് സംഘാടകരെ അറിയിച്ചു. തൃശ്ശൂരിലെ സെമിക്ക് പുറമെ ഡിസംബർ 10-ന് കോഴിക്കോട് നടക്കാനിരുന്ന കാലിക്കറ്റ് എഫ്.സി. - കണ്ണൂർ വാരിയേഴ്സ് എഫ്.സി. തമ്മിലുള്ള മത്സരവും മാറ്റിവെച്ചിട്ടുണ്ട്.
പോലീസ് നിർദ്ദേശത്തെ തുടർന്ന്, മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ സംഘാടകർക്കും ഇരു ടീമുകൾക്കും നോട്ടീസ് നൽകിയിരുന്നു. വോട്ടെണ്ണലിന് ശേഷം അനുയോജ്യമായ ഒരു ദിവസം മത്സരം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ മത്സര തീയതികൾ പിന്നീട് അറിയിക്കുമെന്ന് സൂപ്പർലീഗ് കേരള അധികൃതർ വ്യക്തമാക്കി.
What's Your Reaction?

