താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ; മന്ത്രി രാജൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു

ഭാരവാഹനം കടത്തിവിടാൻ കഴിയാത്ത സ്ഥിതിയാണ്. 

Aug 29, 2025 - 11:32
Aug 29, 2025 - 11:32
 0
താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ; മന്ത്രി രാജൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു
കോഴിക്കോട്: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നു. ചുരത്തിൻ്റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകൾ ആണ് മണ്ണിടിച്ചലിന് കാരണമെന്ന് യോഗ ശേഷം മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു.
 
ബ്ലോക്കുകളായാണ് പാറകൾ വിണ്ടിരിക്കുന്നത്. ഇതിൽ നിന്നും ഉത്ഭവിച്ച വെള്ളച്ചാൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രണ്ട് മണിക്കൂറെങ്കിലും മഴ ഒഴിയാതെ വാഹനങ്ങൾ ചുരത്തിലേക്ക് കയറ്റി വിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
 
വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാർ ഇടയ്ക്കിടെ ആശയ വിനിമയം നടത്തുന്നുണ്ട്. ഫയർഫോഴ്സ്, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് എന്നീ വിഭാഗങ്ങൾ കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ രേഖയുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ഒഴിഞ്ഞു നിന്നാൽ ഏത് സമയത്തും ചെറിയ വാഹനങ്ങൾ കടത്തി വിടാനായി, റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്തു കഴിഞ്ഞു.
 
ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥ ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ചെയിന്‍ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. 
 
നിലവില്‍ മഴ ശക്തമാണെങ്കിലും നാളെ മുതൽ നാല് മണിക്കൂർ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ഇത് ചുരത്തിലെ പാറകളിൽ ഉണ്ടായ വിള്ളൽ റോഡിനടിയിലേക്കും ഉണ്ടോ എന്ന് പരിശോധിക്കാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഭാരവാഹനം കടത്തിവിടാൻ കഴിയാത്ത സ്ഥിതിയാണ്. 
 
കുറ്റ്യാടി ചുരം വഴി  വാഹനങ്ങള്‍ കടത്തിവിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കുറ്റ്യാടി ചുരത്തിലും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായി. കുറ്റ്യാടി റോഡിൽ അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ യുദ്ധകാലടിസ്ഥാനത്തിൽ തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ കൗശികനും, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow