നിപ ഭീതി: കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് സൗദിയിൽ നിയന്ത്രണം
ഈ മാസം ആറിനാണ് സൗദി എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്
കോഴിക്കോട്: കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾക്ക് നിപ വൈറസ് ഭീഷണിയുടെ പേരിൽ സൗദി അറേബ്യ അപ്രതീക്ഷിത നിയന്ത്രണം ഏർപ്പെടുത്തി. ഈ നടപടി പിൻവലിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനും കത്ത് നൽകി.
ഈ മാസം ആറിനാണ് സൗദി എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്ക് കർശന പരിശോധന നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളം വഴി കയറ്റുമതി നടത്തുന്ന കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരെയും ചെറുകിട കയറ്റുമതിക്കാരെയും ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കി. സമീപകാലത്തൊന്നും കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പഴയ സംഭവങ്ങളുടെ പേരിൽ നിലവിൽ നിയന്ത്രണം തുടരുന്നത് പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിലവിൽ നിപ്പ ബാധയില്ലെന്ന ഔദ്യോഗിക വിവരവും ശാസ്ത്രീയ റിപ്പോർട്ടുകളും കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ വഴി സൗദി അധികൃതരെ അടിയന്തരമായി അറിയിക്കണം. വിദേശകാര്യ മന്ത്രാലയം നയതന്ത്ര തലത്തിൽ ഇടപെട്ട് കയറ്റുമതി തടസ്സം നീക്കണം.
What's Your Reaction?



