കെ..എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഗതാഗതമന്ത്രി
മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി. ബോട്ട് പറശ്ശിനിക്കടവിൽ എത്തുമെന്ന് മന്ത്രി അറിയിച്ചു

കെ.എസ്.ആർ.ടി.സിയിൽ വലിയ വികസനം നടക്കുന്നുണ്ടെന്നും സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പറശ്ശിനിക്കടവിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി. ബോട്ട് പറശ്ശിനിക്കടവിൽ എത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടനാട് സഫാരി ക്രൂയിസിന്റെ മാതൃകയിൽ കവ്വായി കായലിലും ബോട്ട് സർവീസ് തുടങ്ങും. പറശ്ശിനിക്കടവിലേക്ക് രാത്രികാലങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ വിമുഖത കാണിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേദിയിൽ ലഭിച്ച പരാതികളെ തുടർന്നായിരുന്നു ഈ നടപടി.
സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ആകെ 7.34 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. 3.5 കോടി രൂപ ചെലവിൽ വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരുകോടി രൂപയുടെ പറശ്ശിനിക്കടവ് നദീസംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനിക്കടവ് സൗന്ദര്യവൽക്കരണം എന്നിങ്ങനെയാണ് ഇതിൽ ഉൾപ്പെടുന്നവ.
പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് വെച്ച് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച ശേഷം, സർവീസ് ആരംഭിച്ച രണ്ട് പുതിയ ബോട്ടുകളും മന്ത്രി നാടിന് സമർപ്പിച്ചു. എം.വി. ഗോവിന്ദൻ എം.എൽ.എ. ഓൺലൈനായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
What's Your Reaction?






