കൊവിഡ്, സ്വയം പ്രതിരോധം പ്രധാനം, രോഗലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം

പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്

May 21, 2025 - 20:37
May 21, 2025 - 20:37
 0
കൊവിഡ്, സ്വയം പ്രതിരോധം പ്രധാനം, രോഗലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കൊവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ, തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. 

പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കൊവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളവതിനാൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow