മലപ്പുറത്ത് കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇന്നു പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ സ്ഥലത്താണ് സംഭവം

മലപ്പുറം: കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവിലാണ് സംഭവം. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോകുന്നതു കണ്ടെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാൻ ഓടിയടുത്തു. ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങൾ കുറവുള്ളതിനാൽ നടന്നാണ് വനപാലകരും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. നേരത്തെ മുതല്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്.
What's Your Reaction?






