വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; അഫ്ഗാനിലെ ജനവാസമേഖലകളിൽ കനത്ത ഷെല്ലാക്രമണം
ചർച്ചകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ തങ്ങൾ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്തമാക്കി
കാബൂൾ: വെടിനിർത്തൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ പാകിസ്ഥാൻ സൈന്യം അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ ഷെല്ലിങ് നടത്തിയതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ചർച്ചകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ തങ്ങൾ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ സ്ഥിരീകരിച്ചുകൊണ്ട് തുർക്കി വിദേശകാര്യ മന്ത്രാലയം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. വെടിനിർത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും സമാധാനം നിലനിർത്തുന്നത് ഉറപ്പാക്കാൻ ഒരു പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 11-നും 15-നും ഇടയിലാണ് പാക്ക്-അഫ്ഗാൻ സൈന്യങ്ങൾ രൂക്ഷമായി ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെയാണ് ആദ്യം ഖത്തറിലും പിന്നീട് തുർക്കിയിലും ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയത്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ കരാറിൽ എത്തിയിട്ടില്ല.
2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പാക്കിസ്ഥാനെതിരെ പോരാടുന്ന തീവ്രവാദികളെ താലിബാൻ സഹായിക്കുന്നു എന്നാണ് പാക്കിസ്ഥാൻ്റെ പ്രധാന ആരോപണം. എന്നാൽ താലിബാൻ ഇത് നിഷേധിക്കുന്നു. തീവ്രവാദികളെ നേരിടുന്നതിൻ്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ്റെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തും ആളുകൾക്ക് ജീവനാശം സംഭവിച്ചു. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നത്.
What's Your Reaction?

