മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതിയില്ല; കേരളത്തിന്റെ നീക്കം തടയും, ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

Jun 18, 2026 - 13:53
Jun 18, 2026 - 13:54
 0
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതിയില്ല; കേരളത്തിന്റെ നീക്കം തടയും, ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ചെന്നൈ ∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി നൽകില്ലെന്നും കേരള സർക്കാരിന്റെ നീക്കങ്ങൾ ശക്തമായി തടയുമെന്നും ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

2014-ൽ സുപ്രീം കോടതി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനൊപ്പം പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിൽ കേരള സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും നയപ്രഖ്യാപനത്തിൽ ആരോപിക്കുന്നു.

പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനുമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ നടപടികൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചെങ്കിലും വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം തുടങ്ങിയത്.

ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകളും പ്രസംഗത്തിൽ പരാമർശിച്ചു. മുൻ ഡിഎംകെ സർക്കാർ ലഹരിക്കടത്ത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നും, സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം ലഹരിയൊഴുക്കാണെന്നും കുറ്റപ്പെടുത്തി.

ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാടുകളോടൊപ്പമാണ് തങ്ങളെന്നും ടിവികെ സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow